മൗണ്ട് കാര്‍മല്‍ ദേവാലയത്തിന് സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18), ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണ് മോഷണം പോയത്. തേനിയിലെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ബൈക്ക് കണ്ടെടുത്തത്. ബൈക്കിന്റെ നമ്പര്‍, സ്റ്റിക്കറുകള്‍ എന്നിവ മാറ്റിയനിലയിലും പെട്രോള്‍ ടാങ്ക് കേടുവരുത്തിയനിലയിലുമാണ്.യൂട്യൂബ് വീഡിയോകൾ കണ്ട് മോഷണം പഠിച്ച ശേഷം രാത്രി വാഹനങ്ങൾ മോഷ്ടിക്കുകയാണ് യുവാക്കൾ ചെയ്യുന്നതെന്ന് സി ഐ മനീഷ് കെ പൗലോസ്, എസ് ഐ ഷാഹുൽഹമീദ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടുന്ന പണം ആഡംബര ജീവിതത്തിനായി ഉപയോഗിക്കും. മൂന്നാറിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് നടന്ന മോഷണ കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.ഉടമയുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് ടൗണിലും പരിസരങ്ങളിലുമുള്ള നിരവധി നിരീക്ഷണക്യാമറകള്‍ പരിശോധിച്ചിരുന്നു. കൂടാതെ തമിഴ്നാട്ടില്‍ അടുത്തിടെനടന്ന ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളായവരെക്കുറിച്ചും അന്വേഷണം നടത്തി.ഇതിനിടയിലാണ് തമിഴ്നാട്ടില്‍ നടന്ന ഒരു ബൈക്ക് മോഷണക്കേസില്‍ പ്രതികളിലൊരാളായ ബിനു ഉള്‍പ്പെട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും മോഷണംനടന്ന 18 മുതല്‍ ഇയാള്‍ സ്ഥലത്തില്ലെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി കോളനിയില്‍ ഇയാളെത്തിയതറിഞ്ഞ് പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ രാമകൃഷ്ണമൂര്‍ത്തിയുടെ പങ്കു കണ്ടെത്തിയത്.
