ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തര്‍ ഇന്ന് വൈകിട്ട് ആറിനു മുന്‍പ് മലയിറങ്ങണമെന്ന് ജില്ല കളക്ടര്‍. പത്തനംതിട്ട ജില്ലയില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാലാണ് ഇത്. ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ലെന്നും കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. വൈകുന്നേരം ആറിനു മുന്‍പ് ഭക്തര്‍ സന്നിധാനത്തുനിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്കു മാറണമെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം, മൂഴിയാര്‍-ഗവി റൂട്ടില്‍ അരണമുടിയ്ക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയിലാണ് മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. ഗവി ഒറ്റപ്പെട്ടു.
അതേസമയം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഓഗസ്സ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോണിന്റെയും, അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ഓഗസ്റ്റ് നാല് മുതല്‍ ഏട്ട് വരെ ശക്തമായ മഴക്കും ഓഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
