ഡീസലിന് പണമില്ലാത്ത സാഹചര്യത്തില്‍ വരുന്ന മൂന്ന് ദിവസത്തെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ ഉത്തരവ്. സംസ്ഥാനത്ത് ഇന്ന് നിരവധി സര്‍വീസുകള്‍ റദ്ദാക്കി. നിലവില്‍ ഓര്‍ഡിനറി സര്‍വീസുകളാണ് വെട്ടിക്കുറച്ചിട്ടുള്ളത്. ഇന്ന് അമ്പത് ശതമാനവും ശനിയാഴ്ച 25 ശതമാനവും സര്‍വീസുകള്‍ മാത്രമാണ് നടത്തുക. ഞായറാഴ്ച പൂര്‍ണമായും സര്‍വീസ് ഒഴിവാക്കും. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറാണ് ഉത്തരവ് ഡിപ്പോകള്‍ക്ക് കൈമാറിയിരിക്കുന്നത്. വിശദമായ ഉത്തരവ് പിന്നീട് വരും.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിനെ തുടര്‍ന്ന് ഡീസല്‍ ലഭ്യത കുറഞ്ഞതും മോശം കാലാവസ്ഥയില്‍ വരുമാനം കുറഞ്ഞതുമാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നിര്‍ദേശത്തിന് കാരണം. വരുമാനം കുറഞ്ഞ സര്‍വീസുകളാണ് ഒഴിവാക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചര്‍ മുതലുള്ള സൂപ്പര്‍ ക്ലാസ് ബസുകള്‍ വെള്ളിയും ശനിയും ഞായറും ഉച്ചക്ക് ശേഷവും തിരക്കുണ്ടാകുമ്പോള്‍ പൂര്‍ണമായും സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച്ച ലഭിക്കുന്ന ഡീസല്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കുന്ന രീതിയില്‍ പരമാവധി ഓര്‍ഡിനറി സര്‍വീസുകള്‍ ക്രമീകരിച്ച് ഓപ്പറേറ്റ് ചെയ്യണമെന്നും ഉത്തരവിലുണ്ട്. 135 കോടി രൂപയാണ് എണ്ണ കമ്പനികള്‍ക്ക് കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ധന പ്രതിസന്ധി പരിഹരിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.

വരുമാനമുള്ള സര്‍വീസുകള്‍ നടത്തണമെന്ന് പറയുമ്പോഴും മിക്ക ജില്ലകളിലും ഡീസല്‍ പ്രതിസന്ധിമൂലം ഇന്നലെ മുതല്‍ സര്‍വീസുകള്‍ നടത്താന്‍ കഴഞ്ഞിട്ടില്ല. വയനാട് കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങി. ജില്ലയിലെ ഭൂരിഭാഗം പ്രാദേശികസര്‍വീസുകളും ഓടിയില്ല. മുണ്ടക്കൈ, കോട്ടത്തറ, പടിഞ്ഞാറത്തറ വൈപ്പടി തുടങ്ങിയസ്ഥലങ്ങളില്‍ രാവിലെയും ഓരോട്രിപ്പുകള്‍ നടത്തിയശേഷം ബസുകള്‍ ഡിപ്പോയില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരുടെ തിരക്ക് നോക്കിയാണ് ഗ്രാമീണമേഖലകളിലേക്ക് ഓരോ ട്രിപ്പുകള്‍ നടത്തിയത്. മാനന്തവാടി ഡിപ്പോയില്‍നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിയെങ്കിലും കോഴിക്കോട് സര്‍വീസുകള്‍ മുഴുവന്‍ നടത്താനായില്ല.മറ്റ് ജില്ലകളിലും സമാന അവസ്ഥയാണ്.

Leave a Reply

Your email address will not be published. Required fields are marked *