ചെലവന്നൂരിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പൻ്റെ അറസ്റ്റാണ് നിലവിൽ എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തിയത്. നരഹത്യ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചി ചെലവന്നൂരില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കാറിലെത്തിയ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂർ ചിറമേൽപറമ്പിൽ വിനോദ് വർഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ ബന്ധുക്കളാണ്.സംഭവത്തിൽ 8 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.കൃഷ്ണപ്പനാണ് ടാർ ഒഴിച്ചതെന്നാണ് സൂചന. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് പരുക്കേറ്റവരുടെ പരാതി.
വാഹനയാത്രക്കാർ ആക്രമിച്ചപ്പോൾ കയ്യിലുണ്ടായിരുന്ന ടാർ ഇവരുടെ ദേഹത്ത് വീണുവെന്നാണ് പ്രതികളുടെ വാദം. കൂടുതൽ വ്യക്തതയ്ക്കായി സിസിടിവി അടക്കം പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
