കോട്ടയം തൃക്കൊടിത്താനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍, സുനില്‍, മിജു എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

വ്യാഴാഴ്ച രാത്രി സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം വീടുകയറി ആക്രമിച്ചുവെന്നാണ് പരാതി. മതിലുതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, മണ്ഡലം നേതാവ് ആന്റോ ആന്റണി എന്നിവരെയാണ് കഴിഞ്ഞദിവസം രാത്രി ആക്രമിച്ചത്. സി.പി.എം. പ്രാദേശിക നേതാവും പഞ്ചായത്ത് അംഗവുമായ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാള്‍ കമ്പി വടികൊണ്ട് അടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മനുവിന്റെ വീട്ടിലേക്കാണ് ബൈജുവും സംഘവും ഇരച്ചെത്തിയത്. തുടര്‍ന്ന് കമ്പി വടികൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ മനുവും ആന്റോയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതില്‍ പ്രകോപിതരായാണ് സി.പി.എം. നേതാവും സംഘവും അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതേസമയം, ഇത് രാഷ്ട്രീയവിഷയമല്ലെന്നും അതിര്‍ത്തി തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

മനുവിന്റെ അയല്‍ക്കാരനായ മജുവുമായി അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. അടുത്തിടെ ഇവിടെ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉണ്ടായത്. ഇതുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നും പോലീസ് പറയുന്നു.

എന്നാല്‍, സി.പി.എമ്മിന് സ്വാധീനമുള്ള മേഖലയില്‍ പുതിയ യൂണിറ്റ് രൂപവത്കരിച്ച് പ്രവര്‍ത്തനം സജീവമാക്കിയതാണ് ആക്രമണത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞദിവസം പ്രദേശത്തെ ഒരു മരണവീട്ടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുകയും സഹായിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായാണ് സിപിഎം ഗുണ്ടകള്‍ അക്രമം അഴിച്ചുവിട്ടതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *