മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണായക രേഖ പുറത്ത്. ഉദ്യോഗാര്‍ത്ഥികളില്‍ റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് പ്രിയ വര്‍ഗീസിനാണ്. എന്നാല്‍ അഭിമുഖത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആണ് പ്രിയക്ക് ഒന്നാം റാങ്ക് ലഭിക്കാന്‍ കാരണമെന്ന് രേഖയില്‍ വ്യക്തമാകുന്നു.

ഗവേഷണത്തിന് 156 മാര്‍ക്ക് മാത്രമാണ് ഒന്നാം റാങ്ക് കിട്ടിയ പ്രിയയ്ക്ക് ലഭിച്ചത്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651 ആയിരുന്നു.അഭിമുഖത്തില്‍ പ്രിയ 32ഉം ജോസഫ് 30മാര്‍ക്കും നേടി.

പ്രിയവര്‍ഗീസിന്റെ നിയമനം വിവാദമായിരിക്കെയാണ് നിര്‍ണായക രേഖ പുറത്തു വരുന്നത്. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ സേവ് യൂണിവേഴ്സിറ്റി ഫോറം, അഭിമുഖത്തിലെ മാര്‍ക്ക് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് പുതിയ പരാതി കൂടി നല്‍കിയിട്ടുണ്ട്. നിയമനം ഉടനടി റദ്ദാക്കണമെന്നും, വലിയ രീതിയിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

യുജിസി അടിസ്ഥാനത്തിലുള്ള എട്ടുവര്‍ഷത്തെ അധ്യാപനപരിചയം പ്രിയക്ക് ഇല്ലെന്നും പരാതി ഉയര്‍ന്നിരുന്നു. മുന്‍വിധികളോടെയാണ് അഭിമുഖം നടത്തിയതെന്നാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *