പാലക്കാട് മലമ്പുഴയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.
പാലക്കാട്ടെ കൊലപാതകം സിപിഎമ്മിന് അകത്ത് നടന്ന കൊലപാതകമാണ്. ആരെയും കൊല്ലുന്ന സംഘമായി സിപിഎം മാറി. എല്ലാ കൊലപാതക കഥകളും ബിജെപിയുടെ തലയില്‍ ഇടണോയെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി അംഗങ്ങളാണ് സിപിഎമ്മിനെതിരെ പറയുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളതിനേക്കാള്‍ ആയുധം സിപിഎമ്മിന്റെ കൈവശമുണ്ട്. പാര്‍ട്ടി അംഗങ്ങളാണ് ആക്രമിച്ചതെന്നാണ് ദൃക്സാക്ഷി പറയുന്നത്. സിപിഎമ്മിന് ഇതെങ്ങനെ കയ്യൊഴിയാന്‍ കഴിയുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് ചോദിച്ചു. കൊലപാതകത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം എന്നും അക്രമത്തിന്റെ വക്താക്കളാണെന്നും തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നതിന് തെളിവുണ്ടെന്നും ഈ കേസില്‍ നിര്‍ണായക മൊഴി നല്‍കിയ സമീപത്തെ കടക്കാരനെ പാര്‍ട്ടി നിശബ്ദനാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *