നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ ആരോപണത്തിനു തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 35 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ലൈംഗികപീഡന ആരോപണവുമായി ഒരു യുവതി രംഗത്ത് വന്നതും പോലീസില്‍ പരാതി നല്‍കിയതും. പത്ത് വര്‍ഷം മുമ്പ് ബാലചന്ദ്രകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ബാലചന്ദ്രകുമാറിനെതിരേ കേസെടുക്കുകയായിരുന്നു.

പോലീസ് ബാലചന്ദ്രകുമാറുമായി ഒത്തുകളിക്കുകയാണെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു. തുടര്‍ന്ന് പോലീസ് ആസ്ഥാനത്തെത്തി ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ആരോപണം വ്യാജമെന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *