‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പരാതിയില്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചു. പരാതി ഡല്‍ഹി പൊലീസ് സൈബര്‍ വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.

ബി.ജെ.പിയുടെ അഭിഭാഷകന്‍ ജി.എസ്. മണിയാണ് ഡല്‍ഹി തിലക് മര്‍ഗ് പോലീസ് സ്റ്റേഷനില്‍ കെ.ടി. ജലീലിനെതിരേ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായില്ല. തുടര്‍ന്ന് ഡി.സി.പിയ്ക്ക് ജി.എസ്. മണി പരാതി നല്‍കി. ഇതിന് ശേഷമാണ് ഇപ്പോള്‍ കേസ് സൈബര്‍ ക്രൈം വിഭാഗത്തിന് നല്‍കിയിരിക്കുന്നത്. പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. പ്രാഥമികാന്വേഷണവും നിയമോപദേശവും ലഭിച്ച ശേഷം കേസെടുത്തേക്കാം എന്നാണ് വിവരം.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഇതുസംബന്ധിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ എം ബി രാജേഷിന് കത്ത് നല്‍കി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീര്‍ പഠന പര്യടന വേളയില്‍ കെ ടി ജലീല്‍ സമൂഹമാധ്യമത്തിലൂടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയെന്ന് കത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ പരാമര്‍ശം നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും അവമതിപ്പ് ഉണ്ടാക്കി. പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ട് അവ ഫെയ്സ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. എന്നാല്‍ ജമ്മു കാശ്മീരിനെ കുറിച്ച് ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ കെ ടി ജലീല്‍ തയ്യാറായിട്ടില്ല. ഇത് വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ വിവാദ പരാമര്‍ശങ്ങള്‍. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ആദ്യം ന്യായീകരണവുമായി കെ ടി ജലീല്‍ രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് പോസ്റ്റുകള്‍ പിന്‍വലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *