ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയ സ്തംഭനം മൂലമാണ് വിമല്‍ കുമാര്‍(54) മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വിമല്‍ കുമാറിന്റെ ദേഹത്ത് പരിക്കില്ലെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സംഭവത്തില്‍ കേസെടുക്കുന്നില്ലെന്നും ആലുവ വെസ്റ്റ് പൊലീസ് പ്രതികരിച്ചു. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. മകനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇരുവരും അച്ഛന് വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാറിന്റെ മകന് രോഹിനെ മര്‍ദ്ദിച്ചത്. മകനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് അക്രമി സംഘം വിമല്‍ കുമാറിനെ മര്‍ദ്ദിച്ചത്. ലഹരി മാഫിയയാണ് ഇയാളെ മര്‍ദ്ദിച്ചത് എന്നാണ് ആരോപണം. ഇരുവരും മദ്യ ലഹരിയിലായിരുന്നു എന്നും ആരോപണമുണ്ട്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമല്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മര്‍ദ്ദിച്ചവരെ അറിയാമെന്നും അവര്‍ ലഹരി ഉപയോഗിച്ചിരുന്നെന്നുമാണ് വിമല്‍ കുമാറിന്റെ കുടുംബം ആരോപിക്കുന്നത്. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാരും പറയുന്നു.
