കോഴിക്കോട് ബീച്ചിൽ ഇന്നലെ ഉണ്ടായ സംഗീത പരിപാടിക്കിടയിലെ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ.മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 70ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു.ജെഡിടി ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ്‌ സ്റ്റുഡന്റ്‌സ് ഇനീഷിയേറ്റീവ് പാലിയേറ്റീവ് കെയർ ഭിന്നശേഷിക്കാരെ സഹായിക്കാനായി സംഘടിപ്പിച്ച സംഗീത പരിപാടിയ്ക്കിടെയായിരുന്നു സംഘര്‍ഷം. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഗീത പരിപാടിക്ക് അനുമതി നൽകിയതെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പ്രതികരിച്ചു.

പാലിയേറ്റീവ് ധനസമാഹരണത്തിനായി സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്. സംഗീത പരിപാടിക്ക് അനുതി തേടിയിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി.

പരിപാടി നടത്തിയ കുട്ടികളുടെ പരിചയക്കുറവ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമായി. ഒരുക്കിയ ഇരിപ്പിടങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് കൊടുത്തിട്ടുണ്ട്. ടിക്കറ്റ് സംഘാടകര്‍ തന്നെ നല്‍കിയതാണോ മറ്റാരെങ്കിലും പ്രിന്റ് ചെയ്ത് നല്‍കിയതാണോ എന്നത് അന്വേഷിക്കണമെന്നും മേയര്‍ പറഞ്ഞു.അവധി ദിവസമായതിനാല്‍ ബീച്ചില്‍ കൂടുതല്‍ പേരെത്തി. ഗായകരെത്തിയപ്പോള്‍ കാണികള്‍ ആവേശം കാണിച്ചതാണ് പ്രശ്നമുണ്ടാകാൻ കാരണമെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കള്‍ പ്രകോപിതരായതാണ് പൊലീസ് ലാത്തി വീശുന്നതിന് കാരണമായതെന്നും സംഘാടകര്‍ പറഞ്ഞു.

555 ദി റൈൻ ഫെസ്റ്റ് കാർണിവൽ എന്ന പേരിലാണ്‌ മൂന്ന്‌ ദിവസമായി പരിപാടി സംഘടിപ്പിച്ചത്‌. നിർധന രോഗികൾക്ക് മെഡിക്കൽ ക്യാരവന്‌ ഫണ്ട് സ്വരൂപിക്കാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. വൈകിട്ടത്തെ പരിപാടിക്ക്‌ വിദ്യാർഥികൾ മുൻകൂട്ടി ടിക്കറ്റ്‌ വിറ്റഴിച്ചിരുന്നു. പരിപാടി സ്ഥലത്തും പ്രത്യേക കൗണ്ടർ ഒരുക്കി. ബീച്ചിൽ സജ്ജമാക്കിയ വേദി ഞായർ വൈകിട്ട്‌ ആറോടെ നിറഞ്ഞു. സംഘാടകർ പ്രവേശന കവാടം അടച്ചതോടെ യുവാക്കൾ ഉൾപ്പെടെ വൻ സംഘം വേദിയിലേക്ക്‌ ഇരച്ചുകയറി. പ്രതിഷേധക്കാർ വേദിയിലേക്ക്‌ പൂഴിയും കാലിക്കുപ്പികളും വലിച്ചെറിഞ്ഞു. ഇതോടെ ഭിന്നശേഷിക്കാരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ പരിഭ്രാന്തരായി.

Leave a Reply

Your email address will not be published. Required fields are marked *