ലോകത്ത് ആദ്യമായി മങ്കിപോക്‌സ്, എച്ച്‌ഐവി, കൊവിഡ് എന്നിവ സ്ഥിരീകരിച്ച് ഇറ്റലിയിലെ ഒരു യുവാവ്. അമന്‍ എന്ന യുവാവിനാണ് ഒരേസമയം കോവിഡും മങ്കിപോക്‌സും എച്ച്‌ഐവിയും സ്ഥിരീകരിച്ചത്.
മങ്കിപോക്‌സും കോവിഡും എയ്ഡ്‌സും ഒരുമിച്ച് സ്ഥിരീകരിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ സംഭവമാണ് ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ഈ വര്‍ഷം ജൂണില്‍ സ്‌പെയിനിലേക്കുള്ള തന്റെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ ഇറ്റലിയിലേക്ക് മടങ്ങിയതിന് ശേഷം 36 കാരനായ അമന് പനി, തൊണ്ടവേദന, സമാനമായ മറ്റ് പല ലക്ഷണങ്ങളും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ അമന്റെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും കുരുക്കള്‍ രൂപപ്പെടാന്‍ തുടങ്ങി. രോഗം മൂര്‍ഛിച്ചതോടെ യുവാവിനെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഇയാളെ പകര്‍ച്ചവ്യാധി വിഭാഗത്തിലേക്ക് അധികൃതര്‍ റഫര്‍ ചെയ്തു. പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെ ഇയാള്‍ക്ക് മങ്കിപോക്‌സും സ്ഥിരീകരിച്ചു. പരിശോധനയില്‍ ഇയാള്‍ എച്ച്.ഐ.വി ബാധിതനാണെന്നും സ്ഥിരീകരണം ഉണ്ടായി. ഇക്കൂട്ടത്തിലാണ് ഒമിക്രോണ്‍ വകഭേദമായ BA.5.1 ഉം സ്ഥിരീകരിച്ചത്. യുവാവ് ഫൈസര്‍ വാക്‌സിന്‍ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് പത്തൊമ്പതിനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ചത്. ഒരാഴ്ച്ചത്തെ ആശുപത്രിവാസത്തിനു പിന്നാലെ ഇദ്ദേഹം വീട്ടിലെത്തുകയും ചെയ്തു. നിലവില്‍ കോവിഡ്, മങ്കിപോക്‌സ് എന്നീ രോഗങ്ങളില്‍ നിന്നും മുക്തനായെന്നും എയ്ഡിസിനുള്ള ചികിത്സ പുരോഗമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *