ഇന്ത്യന്‍ സ്ത്രീകളെ ആക്രമിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത മെക്‌സിക്കന്‍ യുവതി അറസ്റ്റില്‍. എസ്മറാള്‍ഡ അപ്ടണ്‍ എന്ന യുവതിയാണ് പിടിയിലായത്. ടെക്‌സാസില്‍ വച്ചാണ് ഇവര്‍ നാല് ഇന്ത്യന്‍ വനിതകളോട് അപമര്യാദയായി പെരുമാറുകയും, കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് യുവതിയെ പിടികൂടിയത്.

ടെക്‌സസിലെ ദല്ലാസിലെ റെസ്റ്റോറന്റിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‘നിങ്ങള്‍ ഇന്ത്യക്കാര്‍ എല്ലായിടത്തും ഉണ്ട്, ഞാന്‍ നിങ്ങളെ ഇന്ത്യക്കാരെ വെറുക്കുന്നു. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നു, അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം വേണം,’ എസ്മറാള്‍ഡ അപ്ടണ്‍ വീഡിയോയില്‍ പറയുന്നത് കാണാം. സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വീഡിയോയില്‍ ഇന്ത്യക്കാര്‍ അമേരിക്കയെ നശിപ്പിക്കുകയാണെന്നും, അതിനാല്‍ ഇന്ത്യയിലേക്ക് മടങ്ങൂ എന്നും യുവതി ആക്രോശിച്ചു കൊണ്ടായിരുന്നു യുവതി നാല് ഇന്ത്യക്കാരായ സ്ത്രീകള്‍ക്ക് നേരെ അധിക്ഷേപം നടത്തിയത്. സ്ത്രീകളുടെ മുഖത്തടിക്കുന്നതും മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായി പ്ലാനോ പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് എസ്മറാള്‍ഡ അപ്ടണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം, ദേഹോപദ്രവം, ഭീകരാക്രമണ ഭീഷണി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *