കൊച്ചി നഗരത്തിലെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന പ്രതി പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതി എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം സ്‌കെയില്‍ ഉപയോഗിച്ച് അടച്ചുവെച്ചായിരുന്നു തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവ് ചെയ്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എ.ടി.എമ്മുകളില്‍ നിന്ന് പണം കവര്‍ന്നത്. കളമശേരിയെ എ.ടി.എമ്മില്‍നിന്ന് ഒറ്റദിവസം കൊണ്ട് മാത്രം തട്ടിയെടുത്തത് കാല്‍ലക്ഷം രൂപയാണ്.

കളമശ്ശേരി, തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ചേന്ദമംഗലം, ഇടപ്പള്ളി, ബാനര്‍ജി റോഡ് എന്നിങ്ങനെ പല സ്ഥലങ്ങളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. എ.ടി.എമ്മില്‍ നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതി വലയിലായത്. മോഷണരീതി ആവിഷ്‌കരിച്ചത് എങ്ങനെയാണെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ ചോദ്യംചെയ്യലിന് ശേഷമേ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *