പണം വാങ്ങി ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത ഭര്‍ത്താവ് പിടിയില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) ബലാത്സംഗകേസില്‍ അറസ്റ്റിലായത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിചയക്കാരനില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം അയാള്‍ക്ക് ഭാര്യയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തു നല്‍കുകയായിരുന്നു. ഭാര്യയുടെ പരാതിയിലാണ് അബ്ദുള്‍ ലത്തീഫ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലില്‍ ഭാര്യയെ ഇടപാടുകാരന്റെ അടുക്കല്‍ എത്തിച്ചും മറ്റൊരിക്കല്‍ ഇയാളെ യുവതി താമസിക്കുന്ന വാടക വീട്ടില്‍ എത്തിച്ചുമായിരുന്നു പീഡനം.

ആത്മഹത്യ ചെയ്യാനുറച്ച് യുവതി വീടുവിട്ടിറങ്ങിയതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. പിന്നാലെ യുവതിയെ കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പിറ്റേന്ന് യുവതി പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന കൊടും പീഡന വിവരം പുറത്തു വരുന്നത്.

മരിക്കണമെന്ന ഉദ്ദേശത്തോടെ ഇറങ്ങിത്തിരിച്ചതാണെന്നും മക്കളെ ഓര്‍ത്താണ് തിരികെയെത്തിയെന്നുമായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് പീഡനവിവരം യുവതി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *