ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശം അടങ്ങിയ കെ.ടി ജലീല്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിച്ചതായി ഡല്‍ഹി പൊലീസ്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ചുമതലയെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

വിവാദപരാമര്‍ശം അടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എംഎല്‍എയ്ക്കെതിരെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയ ബി.ജെ.പി പ്രവര്‍ത്തകനും സുപ്രീംകോടതി അഭിഭാഷകനുമായ ജി.എസ് മണി തന്നെയാണ് കോടതിയിലും ഹര്‍ജി നല്‍കിയത്. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും കേസെടുക്കാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നുമാണ് ആവശ്യം.

പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നുമായിരുന്നു ജലീല്‍ എഴുതിയത്. ഇതു പിന്നീട് തിരുത്തുകയും പിന്‍വലിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *