കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ ബാലന്. വലിയ മേളകള്‍ നടത്തുമ്പോള്‍ സര്‍ക്കാരിന് ആശങ്കയുണ്ടാകും. ഇത്തവണത്തെ ഐഎഫ്എഫ്കെയില് 5000 പേരുടെ രജിസ്ട്രേഷന് ആണ് നടത്തുന്നത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം ഉണ്ടാക്കാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് നാല് വേദികളിലായി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് മാത്രമാണ് ഐഎഫ്എഫ്കെ കേന്ദ്രികരിക്കുന്നതെന്നത് തെറ്റായ ധാരണയാണ്. ഐഎഫ്എഫ്കെയുമായി ബന്ധപ്പെട്ട് പ്രാദേശിക പ്രദര്‍ശനവും നടത്താറുണ്ട്. ജില്ലയെ സ്നേഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്തുകയില്ല. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമം. ഇവിടെ കൊവിഡ് വ്യാപനമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് മന്ത്രി പറഞ്ഞു.
25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തിന് പുറമെ എറണാകുളത്തും പാലക്കാട്ടും തലശ്ശേരിയിലും വച്ച് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ മേളയാണെന്നും വേദികളുടെ വികേന്ദ്രീകരണം അനുവദിക്കാനാകില്ലെന്നുമാണ് വിമര്‍ശനം ഉന്നയിക്കുന്നവരുടെ വാദം.