നീതിക്കായി പോരാടുന്ന മലയമ്മ -തടമ്പറ്റ മജീദ് കുടുംബ സത്യാഗ്രഹസമരം പെരുന്നാൾദിനത്തിലും തുടരുന്നു. കഴിഞ്ഞമാസം പതിനൊന്നിന് ആരംഭിച്ച തടമ്പറ്റ മജീദ് കുടുംബ സഹായ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സത്യാഗ്രഹ സമരം ഇന്ന് മുപ്പത്തിമൂന്നാം ദിവസം പിന്നിടുന്നു
മലയമ്മയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സോപ്പ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമാണ് സത്യാഗ്രഹസമരത്തിനു കാരണമായത്. ഏറെക്കാലം വിദേശത്തായിരുന്ന തടമ്പറ്റ മജീദ് 2004 – ൽ ആരംഭിച്ച സോപ്പ് കമ്പനി അദ്ദേഹം തന്റെ ഇളയ സഹോദരൻ ശമ്പളം നിശ്ചയിച്ച് നോക്കിനടത്താനേൽപ്പിക്കുകയും ജ്യേഷ്ഠൻ തന്നിലർപ്പിച്ച വിശ്വാസം ദുരുപയോഗം ചെയ്ത് തന്റെ സ്വന്തം പേരിലേക്കും പിന്നീട് മറ്റൊരു സഹോദരന്റെ പേരിലേക്കും മാറ്റി അന്യായമായി കമ്പനിയുടെ ഉടമസ്ഥാവകാശം കൈവശപ്പെടുത്തിയെന്നാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്. മജീദിന്റെ കുടുംബത്തോടൊപ്പം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരായ ഗ്രോ വാസു, മോയിൻ ബാപു, കെ ടി കുഞ്ഞിക്കോയ മുതലായവരാണ് സത്യാഗ്രഹത്തിന് നേതൃത്വം നൽകുന്നത്.
മലയമ്മ, മുണ്ടോട്ട്, വെണ്ണക്കോട് മഹല്ലു കമ്മിറ്റികളും വിവിധരാഷ്ട്രീയപാർട്ടികളും ഈ പ്രശ്നത്തിന് നീതിപരമായ പരിഹാരം ഉണ്ടാവണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. ഈ കമ്പനി തുടങ്ങുകയും ഇതിന്റെ പുരോഗതിക്കുവേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മജീദ് ഇതിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നും പുറന്തള്ളപ്പെട്ടുപോയതിൽ ബഹുഭൂരിഭാഗം നാട്ടുകാരും അസംതൃപ്തരാണ് .
ഈ മാസം പതിനേഴിന് സോപ്പ് കമ്പനി ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണ യജ്ഞം – ജില്ലാ തല ഉൽഘാടനവും ഇരുപത്തിനാലിന് ബഹുജനമാർച്ചും നടക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയി ച്ചു.
