സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ട് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി വി എസ് അച്യുതാനന്ദന്‍. മകന്‍ അരുണ്‍ കുമാറാണ് വി എസ് അച്യുതാനന്ദന്റെ അനുശോചനം അറിയിച്ചത്.

അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു. അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നതായും വി എ അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാർത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. “അനുശോചനം അറിയിക്കണം” എന്നു മാത്രം പറയുകയും ചെയ്തു.
അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സിൽ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലർത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലർത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തിൽ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്. – വി.എ അരുൺകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *