മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ സ്വപ്ന സുരേഷിന്‍റെ ലൈംഗീകാരോപണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും മൂടിവയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ ഗുരുതരമായ ആരോപണമാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് പറഞ്ഞു.. സ്വപ്‌ന ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ മൊഴിയായി നല്‍കിയിട്ടു പോലും അന്വേഷണത്തിന് ഇ.ഡി തയാറായിട്ടില്ല. ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന ധാരണയാണ് ഇതിന് കാരണം. ഇപ്പോള്‍ ലൈംഗിക ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് സ്വപ്‌ന ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ വന്നാല്‍ എഫ്.ഐ.ആര്‍ ഇട്ട് അന്വേഷിക്കുന്നതാണ് കേരളത്തിന്റെ ചരിത്രം. ആരോപണവിധേയരായ സി.പി.എം നേതാക്കള്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. അവര്‍ കുറ്റവാളികളാണെന്ന് ഇപ്പോള്‍ പറയുന്നില്ല. പക്ഷെ ആരോപണം വന്നാല്‍ അന്വേഷിക്കണം. അതിന് സര്‍ക്കാരും പൊലീസും തയാറാകണം.
മുഖ്യധാരാ മാധ്യമങ്ങളില്‍ പലതിലും സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാര്‍ത്ത കാണാനില്ല. എന്തുകൊണ്ടാണ് ആ വാര്‍ത്ത മാറ്റിയത്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ആക്ഷേപം വന്നപ്പോള്‍ എല്ലാ മാധ്യമങ്ങളും വാര്‍ത്തായാക്കിയല്ലോ. സി.പി.എമ്മിലെ മൂന്ന് പ്രമുഖര്‍ക്കെതിരെയാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതും ഒരു സ്ത്രീയുടെ പരാതിയാണ്. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ ഞങ്ങള്‍ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയിട്ടില്ല. സ്ത്രീയുടെ പരാതിയില്‍ പരിശോധിച്ച് നടപടി എടുക്കുമെന്നാണ് പറഞ്ഞത്. വി ഡി സതീശൻ പറഞ്ഞു.സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു.എൽദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരൻ ചോദിച്ചു.
