മാവൂർ കട്ടാങ്ങൽ റോഡിലെ അൽ- ഫലാഹ് മൊബൈൽ കടയുടെ പൂട്ട് തകർത്ത് 12 മൊബൈൽ ഫോണുകളും ഹെഡ് സെറ്റുകളും മോഷണം ചെയ്ത കർണാടക സ്വദേശി ഹരീഷ (22 ) എന്നയാളെ മാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിന്റെ അതിർത്തി ഗ്രാമമായ ഹോറനാലപ്പള്ളി എന്ന സ്ഥലത്ത് നിന്നാണ് മാവൂർ എസ്.ഐ. ബിജു ഭാസ്കർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ്, സജീവ്, ഷിനോജ് എന്നിവർ ചേർന്ന് പ്രതിയെ പിടിച്ചത്. നാട്ടുകാരുടെ എതിർപ്പിനിടയിലും മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.

ഇടതു കൈയ്ക്കും ഇടതു കാലിനും ചെറിയ വൈകല്യമുള്ള പ്രതി, അത് മുതലെടുത്ത് ഭിക്ഷാടകനെപ്പോലെ കടകളിൽ കയറിയിറങ്ങി അവിടങ്ങളിലെ പ്രത്യേകതകൾ മനസ്സിലാക്കി പിന്നീട് കാമറകളില്ലാത്ത കടകളിൽ മോഷണം നടത്തുകയാണ് രീതി. ഏത് സംസ്ഥാനക്കാരനാണെന്ന് മനസ്സിലാകാതിരിയ്ക്കാൻ ഭിക്ഷാടനസമയത്ത് പ്രതി സംസാരിക്കാതിരിയ്ക്കാൻ ശ്രദ്ധിക്കും. മുത്തൂറ്റ് ധനകാര്യ സ്ഥാപനത്തിൽ മുമ്പ് മോഷണശ്രമം നടത്തിയതിന് പ്രതി ജയിലിൽ കിടന്നിട്ടുണ്ട്.കമ്മീഷണർ ഡി.ഐ.ജി, എ. അക്ബർ, ഡി.സി.പി. ഡോ. ശ്രീനിവാസ്, എ.സി.പി. കെ. സുദർശൻ എന്നിവർ സിറ്റി സൈബർ സെല്ലടക്കമുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ എല്ലാവിധ സഹായങ്ങളും നൽകിയതുകൊണ്ടാണ് അഞ്ച് ദിവസം കൊണ്ട് തന്നെ അന്തസംസ്ഥാന ബന്ധമുള്ള പ്രതിയെ പിടിയ്ക്കാൻ കഴിഞ്ഞതെന്ന് അന്വേഷണസംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *