ഈ വർഷത്തെ ഫിഫ ഫുട്‌ബോൾ ലോകകപ്പ് നേരിട്ടു കാണാനായി ഖത്തറിലേക്ക് പറക്കാനൊരുങ്ങി കോഴിക്കോടിന്റെ സ്വന്തം ആസിം വെളിമണ്ണ. ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന സ്വപനം പൂവണിയാൻ പോകുന്നു എന്ന സന്തോഷത്തിലാണ് ആസിം ഇപ്പോൾ. അതും ഉദ്ഘാടന മത്സരംതന്നെ കാണാനുള്ള ഭാഗ്യം തന്നെ തേടിയെത്തുമ്പോൾ ആ സന്തോഷത്തിന് മധുരം ഇരട്ടിയാവുന്നു എന്ന് ആസിം പറഞ്ഞു. നവംബർ 21ന് ആരംഭിക്കുന്ന ലോകകപ്പ്‌ കാണാൻ 19 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആസിം പുറപ്പെടും.

മുക്കത്തെ ഒരു പരിപാടിയിൽ വെച്ച് കെ ടി റസാഖ് മുക്താറിനോട് ആസിമിന്റെ ഈ ആഗ്രഹം പ്രകടിപ്പിക്കുകയും അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. കൂടാതെ സാലിംജി റോഡ്, സാദിഖ് തുടങ്ങിയവരും ജനറൽ അമൈസിങ് എന്ന പരിപാടിയിലൂടെ ആസിമിന്റെ ഈ സ്വപ്ന സാക്ഷാത്കാരത്തിന് കാരണമായി. ഈ സ്വപ്നത്തിനൊപ്പം 5 വർഷമായി ഉള്ളിൽ കൊണ്ടുനടക്കുന്ന എം എ യൂസുഫലിയെ നേരിട്ട് കാണുക എന്ന ആഗ്രഹംകൂടെ സഫലമാകുമെന്ന പ്രതീക്ഷയിലാണ് ആസിം.

മുഹമ്മദ് ശഹീദിന്റെയും ജംഷീനയുടെയും ഏഴ് മക്കളിൽ മൂത്ത മകനാണ് ആസിം വെളിമണ്ണ. കൈകളില്ലാതെ ജനിച്ച ആസിം 90 ശതമാനത്തിലധികം അംഗപരിമിതനാണ്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു ആസിം താൻ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ വെളിമണ്ണ എൽ പി സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തുന്നതിന് വേണ്ടി സമരം നയിച്ചതിലൂടെയാണ് ജനശ്രദ്ധ നേടിയത്. ഈ വർഷം പെരിയാറിലെ ഏറ്റവും വീതിയേറിയ ഭാഗം നീന്തിക്കയറി ഇന്ത്യൻ,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും, വേൾഡ് റെക്കോർഡ് യൂണിയനിലും തന്റെ സ്ഥാനം പിടിച്ചു ആസിം ചരിത്രം കുറിച്ചിരുന്നു. യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡും മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാമിന്റെ പേരിലുള്ള ഇൻസ്‌പെയറിംഗ് ഇന്ത്യ അവാർഡും കരസ്ഥമാക്കിയ ആസിം സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമാണ്. കൂടാതെ 2017ൽ കേരള സർക്കാരിന്റെ ഉജ്വലവാലി പുരസ്‌കാരം തുടങ്ങി ഒട്ടനവധി നേട്ടങ്ങൾ ആസിം കരസ്ഥമാക്കിയിട്ടുണ്ട്.

കോവിഡ് കാലത്തു ഖുർഹാൻ മനഃപാഠമാക്കി ഹാഫിളുമായി മാറി ഈ കൊച്ചു പ്രതിഭ. ഇപ്പോൾ sslc നേടാനുള്ള പരിശ്രമത്തിലും കൂടെയാണ്. ഒപ്പം ‘ആസിം വെളിമണ്ണ ഫൌണ്ടേഷന്റെ’ രൂപീകരണത്തിനായുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കുട്ടികളുടെ പ്രതേകിച്ചും ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഈ ഫൗണ്ടേഷനിലൂടെ ആസിം ലക്‌ഷ്യം വെക്കുന്നത്. ഇത്തരത്തിൽ തന്റെ പരിമിതികളെ അതിജീവിച്ച് എപ്പോഴും ആക്റ്റീവ് ആയിരുന്ന് പുതിയ കാര്യങ്ങളിൽ ഏർപ്പെടാനാണ് ആസിമിന് കൂടുതൽ ഇഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *