തിരുവനന്തപുരം: തിരുവനന്തപുരത്ത് നിറമൺകരയിൽ നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മർദിച്ച സഹോദരങ്ങളായ അഷ്കർ, അനീഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സംഭവത്തിൽ വീഴ്ച വരുത്തിയ എസ്ഐയ്ക്കും എഎസ്ഐയ്ക്കുമെതിരെ ഇന്നലെ നടപടി എടുത്തിരുന്നു. ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ അഷ്കറും അനീഷും ചൊവ്വാഴ്ച മർദ്ദിച്ചത്.
ഇന്നലെ രാത്രിയാണ് പ്രദീപിനെ മർദിച്ച അഷ്കറിനെയും സഹോദരൻ അനീഷിനെയും കരമന പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികളെ പിടികൂടിയതോടെ പൊലീസ് തെളിവെടുപ്പിൻറെ ഭാഗമായി പ്രദീപിനെ കരമന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. പ്രദീപ് തന്നെ മർദിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു.
സംഭവത്തിൽ വീഴ്ച വരുത്തിയ കരമന എസ്ഐ സന്തുവിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്ഐ മനോജിനെ സർവീസിൽ നിന്ന് സസ്പെൻറ് ചെയ്യുകയും ചെയ്തു. നെയ്യാറ്റിൻകര സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ പ്രദീപിനെ ചൊവ്വാഴ്ചയാണ് നടുറോഡിൽ മർദിച്ചത്.
മർദനത്തിൽ പരിക്കേറ്റ മുഖവുമായി കരമന സ്റ്റേഷനിൽ എത്തിയപ്പോൾ ചികിത്സാരേഖകളുമായി എത്തണമെന്ന് പറഞ്ഞ് പൊലീസുകാർ മടക്കി അയക്കുകയായിരുന്നു. ചികിത്സാരേഖകളും മർദ്ദനത്തിൻറെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയിട്ടും മൊഴി എടുക്കാതെ തിരിച്ചയച്ചു. മർദന ദൃശ്യങ്ങൾ സഹിതം വാർത്തയായതോടെയാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
ഹോൺ മുഴക്കിയത് താനല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും ചെവികൊള്ളാതെ യുവാക്കൾ വാഹനം തകർക്കുകയും പ്രദീപിനെ നിലത്തിട്ട് മർദ്ദിക്കുകയുമായിരുന്നു. അതേസമയം കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അകാരണമായി മർദ്ദിച്ച കേസിൽ പ്രതിയുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ പൊതുസ്ഥലത്ത് നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നത്.
