ഖത്തര്‍ ലോകകപ്പില്‍ ഇന്ന് കരുത്തന്മാർ കളത്തിൽ. മുന്ചാമ്പ്യന്മാരായ ജര്‍മനി, സ്പെയിന്, കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ബെല്‍ജിയം ടീമുകളാണ് ബുധനാഴ്ച ആദ്യ മത്സരങ്ങള്‍ക്കിറങ്ങുന്നത്.വൈകുന്നേരം മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ മൊറോക്കയെ നേരിട്ട് കൊണ്ട് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യ ഖത്തറിലെ തങ്ങളുടെ അങ്കത്തിന് തുടക്കം കുറിക്കും. ആഫ്രിക്കന്‍ കരുത്തരായ മൊറോക്കയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ഉച്ചതിരിഞ്ഞ് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം.കഴിഞ്ഞകുറി നടത്തിയ അപ്രതീക്ഷിത കുതിപ്പിന്റെ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്. നായകനും പ്ലേമേക്കറുമായ ലൂക്ക മോഡ്രിച്ചിലാണ് പ്രതീക്ഷ.
രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനിക്ക് എതിരാളികള്‍ ഏഷ്യന്‍ വമ്പുമായി എത്തുന്ന ജപ്പാനാണ്. റഷ്യയില്‍ നേരിട്ട തിരിച്ചടി മറക്കാനുള്ള തയാറെടുപ്പുകളുമായാണ് ജര്‍മനി ഖത്തറില്‍ എത്തിയിരിക്കുന്നത്. വൈകീട്ട് 6.30-നാണ് മത്സരം. അവസാനം കളിച്ച ആറു കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജര്‍മനി ജയിച്ചത്. യുവതാരങ്ങളായ ജമാല്‍ മുസിയാള, സെര്‍ജി നാബ്രി, ലിറോയ് സാനെ എന്നിവരുടെ ഫോം നിര്‍ണായകമാകും.യുവതാരങ്ങളുടെ കരുത്തില്വരുന്ന സ്പെയിനിന് കോസ്റ്ററീക്കയാണ് എതിരാളി. മത്സരം രാത്രി 9.30-ന്. പെഡ്രിയും ഗവിയും ബുസ്കെറ്റ്സും കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്.