ന്യൂനപക്ഷ ക്ഷേമവകുപ്പ് തന്നെ ഏല്‍പ്പിച്ച ശേഷം തിരിച്ചെടുത്തതാണെന്ന ആരോപണങ്ങള്‍ തള്ളി മന്ത്രി വി. അബ്ദുറഹിമാന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കാനാകുക മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. വകുപ്പ് നല്‍കിയ ശേഷം തിരിച്ചെടുത്തു എന്ന് പറയുന്നവര്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ന്യൂനപക്ഷക്ഷേമ വകുപ്പിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തീരുമാനമെടുത്തിരുന്നു. വി.അബ്ദുറഹിമാന് വകുപ്പ് നൽകിയതായി വന്ന വാർത്തകൾ ശരിയല്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

‘കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്ത മതന്യൂനപക്ഷങ്ങള്‍ക്കുള്ള ഏറ്റവും നല്ല കാലഘട്ടമായിരിക്കും. അക്കാര്യത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക് ഒരു സംശയവുമില്ല. അതില്‍ സംശയമുള്ളവര്‍ രാഷ്ട്രീയലാഭത്തിനായാണ് ശ്രമിക്കുന്നതെന്നേ എനിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളു.

എല്ലാവരും മനസ്സിലാക്കേണ്ടത് കേരളത്തിന്റെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക്, ഏറ്റവും നല്ല കാര്യമാകുമെന്നും വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടയാളാണ് ഞാന്‍,’ അബ്ദുറഹിമാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *