കൊടുവള്ളിക്കാരുടെ സ്വകാര്യ അഹങ്കാരമായ പി.ടി.എ റഹീം എം.എല്‍.എയെതേടി പുതിയ പദവി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള നിയമസഭാ പ്രതിനിധിയായാണ് അദ്ദേഹം ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.ഇടതുപക്ഷ സംവിധാനത്തിന്റെ ശക്തനായ വക്താവും വിശ്വസ്തനായ പോരാളിയുമെന്ന നിലയില്‍ രണ്ട് പതിറ്റാണ്ടോളമായി സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ കഴിവിനെ സി.പി.എമ്മും ഇടതുകക്ഷികളും വിലമതിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സ്ഥാനലബ്ധി.

2006 ലാണ് എം.എല്‍.എ എന്ന നിലയിലുള്ള പി.ടി.എ റഹീമിന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായി കരുതപ്പെട്ട കൊടുവള്ളിയില്‍ ലീഡര്‍ കെ കരുണാകരന്റെ ഏക മകന്‍ കെ മുരളീധരനെ തോല്‍പ്പിച്ചാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. കുന്ദമംഗലത്ത് അപരാജിതനായി വാണ യു.സി രാമനെ തോല്‍പ്പിക്കുക എന്ന ദൗത്യമാണ് 2011 ല്‍ അദ്ദേഹത്തെ ഇടതുപക്ഷം ഏല്‍പ്പിച്ചത്. 2016 ല്‍ ടി സിദ്ധീഖിനെയും 2021 ല്‍ അവിശുദ്ധ കൂട്ടായ്മയുടെ പ്രതിനിധിയായെത്തിയ ദിനേശ് പെരുമണ്ണയെയും തറപറ്റിച്ച് എം.എല്‍.എയായി തുടര്‍ന്ന അദ്ദേഹത്തെ ഇടതുപക്ഷം പല പദവികളും ഏല്‍പ്പിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍, വഖഫ് ബോര്‍ഡ് മെമ്പര്‍, ഓര്‍ഫനേജ് കണ്ട്രോള്‍ ബോര്‍ഡ് അംഗം, ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പി.എം.ജെ.വി.കെ സംസ്ഥാന തല സമിതി അംഗത്വം ഉള്‍പ്പെടെ ഏറ്റെടുത്ത പദവികളെല്ലാം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കാണിച്ച വൈഭവമാണ് പി.ടി.എ റഹീമിനെ എന്നും വ്യത്യസ്തനാക്കിയത്.
ഫറൂഖ് കോളജില്‍ നിന്ന് ബി-കോം പാസ്സായ അദ്ദേഹം കോഴിക്കോട് ഗവ. ലോ കോളജില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്. കുറച്ചുകാലം വക്കീലായി പ്രാക്ടീസ് ചെയ്തശേഷം തന്റെ തട്ടകം പൊതുപ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞതോടെ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി അദ്ദേഹം മാറുകയായിരുന്നു. മുസ്ലിംലീഗിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരവെ പി.ടി.എ റഹീമിന്റെ കഴിവും പ്രാപ്തിയും തങ്ങള്‍ക്ക് ഭീഷണിയായി മാറുമെന്ന് തിരിച്ചറിഞ്ഞ ഏതാനും പേരുടെ ഗൂഡാലോചനയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിയോഗത്തിന്റെ ഗതി മാറ്റിയൊഴുകുന്നതിന് ഇടയാക്കിയത്. രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ചിലരുടെ നീക്കങ്ങള്‍ തന്റെ ജനപിന്തുണയിലൂടെ മറികടന്ന അദ്ദേഹത്തെ ഇടതുപക്ഷം ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. അദ്ദേഹത്തോട് സി.പി.എമ്മും ഇടതുപക്ഷത്തെ ഇതര കക്ഷികളും കാണിച്ച സൗമനസ്യത്തിന് ഒരുകാലത്തും ഈ പാര്‍ട്ടികള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഖേദിക്കേണ്ടി വന്നിട്ടില്ല. തന്റെ നിലപാട് ഇന്നതാണെന്ന് പ്രഖ്യാപിക്കുന്നതിലും അതില്‍ ഉറച്ചുനില്‍ക്കുന്നതിലും ചാഞ്ചാട്ടം കാണിക്കാത്ത പി.ടി.എ റഹീം എന്ന അതികായന്റെ കലികറ്റ് യൂണിവേര്‍സിറ്റി സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പും അര്‍ഹതക്കുള്ള അംഗീകാരമെന്ന നിലയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും എന്നതില്‍ തര്‍ക്കമൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *