തിരുവനന്തപുരം: മുസ്ലിം ലീഗിനെ പ്രശംസിച്ചതില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫിലേക്ക് ആരേയും ക്ഷണിച്ചിട്ടില്ല. വര്‍ഗീയതയ്‌ക്കെതിരെ കൂട്ടായ്മ വേണം, അത് രാഷ്ട്രീയ കൂട്ടുകെട്ടല്ല. ലീഗ് കൈകൊണ്ട നിലപാടുകളെപ്പറ്റിയാണ് പറഞ്ഞത്.

ലീഗ് ജനാധിപത്യ പാര്‍ട്ടി തന്നെയാണ്. വലതുപക്ഷ നിലപാട് തിരുത്തുന്ന ആർക്കും ഇടതുമുന്നണിയിലേക്ക് സ്വാഗതമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.ആർക്ക് മുമ്പിലും ഇടതു മുന്നണി വാതിൽ അടച്ചിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെല്ല. വിഴിഞ്ഞം സമരത്തിലും ഏക സിവിൽ കോഡിലുമടക്കം കോൺഗ്രസിനെ തിരുത്തുന്ന സമീപനമാണ് ലീഗ് സ്വീകരിച്ചത്. മതനിരപേക്ഷ നയമാണ് ഇക്കാര്യത്തിൽ ലീഗിനുള്ളത്. ലീഗിനോടുള്ള പഴയ നിലപാട് സിപിഐഎം തിരുത്തുകയല്ല ചെയ്തത്. ഇതിനെയാണ് സിപിഐഎം അംഗീകരിക്കുന്നത്. മുന്നണി കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് ലീഗ് തന്നെയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം ലീഗിന് ആരുടേയും ക്ഷണം വേണ്ടെന്നും മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ പലര്‍ക്കും പല ആഗ്രഹങ്ങളുമുണ്ടാകാം. ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് എം വി ഗോവിന്ദന്റെ മാത്രം അഭിപ്രായമല്ല. സമൂഹത്തിന്റെ മൊത്തം അഭിപ്രായമാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടേത് എല്‍ഡിഎഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *