തിരുവനന്തപുരം പൂവാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം.അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികളോട് സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. ഷർട്ട് വലിച്ച് കീറി എന്നും പരാതിയുണ്ട്. കെഎസ്ആർടിസി കണ്ട്രോളിംഗ് ഇൻസ്‌പെക്ടർ സുനിലിനെതിരെയാണ് പരാതി.
അതേസമയം കഴിഞ്ഞ ദിവസം, തിരുവനന്തപുരം വെള്ളറടയിൽ കെഎസ്ആർടിസി കണ്ടക്ടർ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന് പരാതി ഉയർന്നിരുന്നു. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അഭിൻ രാജേഷിനാണ് ( 16 ) മർദനമേറ്റത്. നെഞ്ചിലും മുഖത്തും മർദ്ദനമേറ്റ വിദ്യാർത്ഥി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ രാജേഷ് വെള്ളറട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
