തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു. ഓർഫണേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എല്ലാ സഥാപനങ്ങളിലും ഇതിനായി സൗകര്യമൊരുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിനുള്ള നടപടി ക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.ആരോഗ്യമന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ ഓർഫണേജ് കൺട്രോൾ ബോർഡ് ഭാരവാഹികൾ, ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മേധാവികൾ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ആർ ബിന്ദു നിർദേശങ്ങൾ നൽകിയത്. സർക്കാർ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനങ്ങളിലും ഓർഫണേജ് കൺട്രോൾ ബോർഡ് അംഗീകാരമുള്ള 632 വൃദ്ധസദനങ്ങളിലുമായി 17801 പേരാണ് നിലവിലെ താമസക്കാർ. രണ്ടിടങ്ങളിലും 29,767 പേരെ താമസിപ്പിക്കാൻ കഴിയും. ഇത് ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ഉപയോഗിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കിടപ്പുരോഗികളായ വയോജനങ്ങളെ സർക്കാർ വൃദ്ധസദനങ്ങളിൽ മതിയായ സൗകര്യമുണ്ടെങ്കിൽ അവിടെ പുനരധിവസിപ്പിക്കും. അല്ലാത്ത പക്ഷം സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളിലേക്ക് മാറ്റും. ഇതും ലഭ്യമല്ലാത്ത ഘട്ടങ്ങളിൽ മാത്രമേ മറ്റ് വൃദ്ധസദനങ്ങളിലേക്ക് മാറ്റുകയുള്ളുവെന്നും മന്ത്രി വിശദീകരിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ നിർദേശ പ്രകാരം താമസക്കാരെ ഏറ്റെടുക്കുമ്പോൾ ചികിത്സകൾ സംബന്ധിച്ച രേഖകളും മറ്റു ആശുപത്രി രേഖകളും ക്ഷേമസ്ഥാപനങ്ങൾക്ക് നൽകണമെന്നും മന്ത്രി നിർദേശിച്ചു.ഏതു ഘട്ടത്തിലും താമസക്കാർക്ക് ആവശ്യമായി വരുന്ന മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പാക്കും. താമസക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ക്ഷേമസ്ഥാപന മേധാവികളോട് മന്ത്രി ആർ ബിന്ദു ആവശ്യപ്പെട്ടു.
