കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ യുവ ഉപവിഷയ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ യുവസംഗമം ‘ യൂത്ത് ടെമ്പസ്റ്റ് ‘ ഡിസംബർ 27, 28 തിയ്യതികളിലായി പെരുമണ്ണ പഞ്ചായത്തിലെ പാറമ്മൽ വൈറ്റ് സ്കൂൾ ഇൻ്റർനാഷണലിൽ നടക്കും. 27 ന് രാവിലെ 10ന് രജിസ്ട്രേഷൻ ആരംഭിക്കും . 11 മണിക്ക് മലയാളം സർവ്വകലാശാല പ്രൊഫസറും എഴുത്തുകാരനും പ്രഭാഷകനും നിരൂപകനുമായ ഡോ: അനിൽ ചേലേമ്പ്ര യുവസംഗമം ഉദ്ഘാടനം ചെയ്യും . ‘കാലം, ദൃശ്യം, സംസ്ക്കാരം ‘ എന്ന വിഷയത്തിൽ അവതരണം നടക്കും. തുടർന്ന് ‘ സമത്വ രാഷ്ട്രം ആഹ്ലാദ സമൂഹം ‘ എന്ന വിഷയത്തിൽ സംവാദം നടക്കും. ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷമുള്ള അവതരണങ്ങളോട് പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ പ്രതികരിക്കും. ‘സമൂഹം, യുവത്വം, പ്രതിരോധം ‘ എന്ന വിഷയം സ്കൂൾ ഓഫ് ഡിസ്റ്റൻറ് എഡ്യൂക്കേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപികയും യുവ സമിതി സംസ്ഥാന ചെയർപേഴ്സണുമായ ഡോ: പി യു മൈത്രി അവതരിപ്പിക്കും . വൈകീട്ട് ‘ എസ്കവേറ്റിംങ്ങ് സെൽഫ് : ഗ്രൂപ്പ് ഡൈനാമിക്സ് നടക്കും. കൊയിലാണ്ടി എസ് എൻ ഡി പി യോഗം കോളേജ് അസോസിയേറ്റ് പ്രൊഫസർ എ എൻ അബ്ദുസലാം നേതൃത്വം നൽകും . പത്ത് മണിക്ക് ക്യാമ്പ് ഫയർ ആരംഭിക്കും. 28 ന് രാവിലെ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും ആർട്ടിസ്റ്റുമായ ശീതൾശ്യാം ‘ ലിംഗഭേദങ്ങൾ’ എന്ന വിഷയം അവതരിപ്പിക്കും. തുടർന്ന് ‘ ശാസ്ത്രം, വിശ്വാസം, അന്ധവിശ്വാസം ‘ എന്ന വിഷയത്തിൽ മടപ്പള്ളി കോളേജ് ഊർജതന്ത്രശാസ്ത്ര വിഭാഗം മുൻ തലവൻ പ്രൊഫ: കെ പാപ്പൂട്ടി സംവാദത്തിന് നേതൃത്വം നൽകും. പിന്നീട് ക്യാമ്പംഗങ്ങൾ മേഖല തിരിഞ്ഞ് ചർച്ച നടത്തി പുതിയ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുക്കും. തിയ്യറ്റർ പെർഫോർമറായ വിജേഷ് കോഴിക്കോടിൻ്റെ ‘ പാട്ടും പറച്ചിലും ‘ എന്ന പരിപാടിക്കും അവലോകനത്തിനും ശേഷം ക്യാമ്പ് സമാപിക്കും. കോഴിക്കോട് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് വീതം യുവതീയുവാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുക . 150 പേർ ക്യാമ്പിൽ പങ്കെടുക്കും. ശ്രീനിവാസൻ ചെറുകുളത്തൂർ ആണ് ക്യാമ്പ് ഡയറക്ടർ . പെരുമണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് ചെയർമാനും ടി നിസാർ കൺവീനറുമായ സ്വാഗത സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

Leave a Reply

Your email address will not be published. Required fields are marked *