നെയ്യാറ്റിന്‍കര ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭൂവുടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി സ്വന്തമാക്കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. പട്ടയ ഭൂമി കൈമാറരുതെന്ന ചട്ടമാണ് ലംഘിക്കപ്പെട്ടതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി പോക്കുവരവ് ചെയ്തതില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു .ഭൂമി സ്വന്തമാക്കിയതിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രാജനും കുടുംബവും താമസിച്ചിരുന്ന ഭൂമി വസന്തയുടേതാണെന്ന് നേരത്തേ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഭൂമി വസന്ത വാങ്ങിയതില്‍ നിയമപരമായി പ്രശ്നങ്ങളുണ്ടെന്നും ഈ ഭൂമി ലക്ഷം വീട് പദ്ധതിയില്‍ പട്ടയമായി ലഭിച്ചതാണെന്നും അതിയന്നൂര്‍ വില്ലേജ് ഓഫീസുകളിലെ രേഖകളിലുണ്ട്.നെട്ടത്തോട്ടം ലക്ഷം വീട് കോളനിയിലെ ഈ വസ്തു 1989ല്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് ലഭിച്ചതാണ്. 12 വര്‍ഷം കഴിഞ്ഞേ ഭൂമി കൈമാറാന്‍ പാടൂ എന്ന പദ്ധതിയുടെ ചട്ടം ലംഘിച്ച് സുകുമാരന്‍ നായരുടെ അമ്മ വനജാക്ഷി ഭൂമി സുഗന്ധി എന്നയാള്‍ക്ക് കൈമാറുകയായിരുന്നു.സുഗന്ധിയില്‍ നിന്നാണ് 2007ല്‍ വസന്ത ഭൂമി വാങ്ങുന്നത്. വീണ്ടും പന്ത്രണ്ട് വര്‍ഷം കഴിയുന്നതിന് മുന്‍പേ ആണ് വസന്തയ്ക്ക് ഭൂമി കൈമാറിയത്. അതുകൊണ്ട് വസന്തയുടെ കൈവശം ഭൂമി വന്നത് നിയമവിരുദ്ധമായാണെന്ന് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *