ആലപ്പുഴയിലും സർക്കാർ ഓഫീസിലെ ശുചിമുറിയിൽ അപകടം. പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസിലെ ബാത്ത് റൂമിലെ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു. തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫീസിലെ ഉദ്യോഗസ്ഥൻ രാജീവ് അപകടത്തിൽ നിന്നും തല നാരിഴക്കാണ് രക്ഷപ്പെട്ടത്. ശുചിമുറിയിൽ നിന്ന് ഇറങ്ങിയപ്പോഴാണ് സീലിംഗ് ഇളകി വീണത്. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോളർ ഓഫീസിൽ പരിശോധനയ്ക്കെത്തിയതായിരുന്നു രാജീവും സഹപ്രവർത്തകരും. ഈ സമയത്താണ് അപകടമുണ്ടായത്. ഇന്നലെ സെക്രട്ടറിയേറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് തകർന്ന് ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സെക്രട്ടറിയേറ്റ് അനക്സ് വണ്ണിലെ ശുചിമുറിയിലെ ക്ലോസറ്റാണ് പൊട്ടി വീണത്. ക്ലോസറ്റിൻറെ ഒരു ഭാഗം പൂർണ്ണമായും അടര്‍ന്ന് വീണു. കാലിൽ ആഴത്തിൽ പരിക്കേറ്റ് ചോരവാർന്നൊഴുകിയ ഉദ്യോഗസ്ഥയെ ആദ്യം ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ക്ലോസറ്റിൽ വിള്ളൽ വീണിട്ടുണ്ടെന്നും അറ്റകുറ്റ പണി വേണമെന്നും ശ്രദ്ധയിൽപ്പെടുത്തിട്ടും ഹൗസ് കീപ്പിംഗ് വിഭാഗം ജാഗ്രതയോടെ പെരുമാറിയില്ലെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിമാരുടെ ഓഫീസുകളിലും മന്ത്രിന്ദരങ്ങളിലും മാത്രമായി അറ്റകുറ്റ പണി കേന്ദ്രീകരിക്കുന്നതിൽ കടുത്ത അതൃപ്തിയും ഉണ്ട്. കഴിഞ്ഞ മാസമാണ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ ഒരു ഭാഗം തകര്ന്ന് വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. അതിന് പിന്നാലെയാണ് അനക്സ് വണിൽ ക്ലോസറ്റ് തകർന്നുള്ള അപകടം . സംഭവത്തെ കുറിച്ച് പൊതുമരാമത്ത് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *