ശശി തരൂരിനെച്ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കമെന്ന് സൂചന.എൻഎസ്എസ് രജിസ്ട്രാർ പി. എൻ. സുരേഷ് രാജി വച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന് ശേഷം രാജി എഴുതി വാങ്ങുകയായിരുന്നു. അടിന്തിര കൗൺസിൽ യോഗം ചേർന്നാണ് സുരേഷിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂരിനും സുകുമാരന്‍ നായര്‍ക്കുമൊപ്പം പി എന്‍ സുരേഷും നില്‍ക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. സുരേഷിനെ സുകുമാരന്‍ നായര്‍ തന്റെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നീക്കം നടത്തുന്നുവെന്നും സുകുമാരന്‍ നായരെ എതിര്‍ക്കുന്ന വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് രാജി. വിമർശനങ്ങളെ നേരിടാൻ സുകുമാരൻ നായർ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. രജിസ്ട്രാറുടെ ചുമതല നിലവിൽ ജനറൽ സെക്രട്ടറി തന്നെ വഹിക്കും.മന്നം ജയന്തി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനായി ശശി തരൂരിനെയാണ് ക്ഷണിച്ചത്. യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളെയെല്ലാം തഴഞ്ഞായിരുന്നു തരൂരിനെ ക്ഷണിച്ചത്. തരൂരിനെ മുമ്പ് ഡല്‍ഹി നായര്‍ എന്നി വിളിച്ച് ആക്ഷേപിച്ചതിന് ക്ഷമാപണം നടത്തിയ സുകുമാരന്‍ നായര്‍, തരൂര്‍ വിശ്വ പൗരനാണെന്നും, കേരള പുത്രനാണെന്നും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ ജി സുകുമാരൻ നായരുടെ പിൻഗാമി പി.എൻ സുരേഷ് ആണെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇത് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കി. ഇതോടെയാണ് ജനറൽ സെക്രട്ടറി നേരിട്ട് രാജി ആവശ്യപ്പെട്ടത്. ഇന്നലെ രാത്രി തന്നെ രാജി നൽകുകയും ചെയ്തതായി പി എൻ സുരേഷ് ഒരു മാധ്യമത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *