കോട്ടയത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നഴ്‌സ് രശ്മി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം എന്ന് ഫോറൻസിക് പരിശോധനാഫലം. അന്വേഷണ സംഘത്തിന് ഫോറൻസിക് റിപ്പോർട്ട് ഉടൻ കൈമാറും. സംഭവത്തിൽ ഹോട്ടലുടമകളെയും പ്രതിചേർത്തു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണ സംഘത്തിന് ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ ഉണ്ടാകും. അതേസമയം ഭക്ഷ്യ വിഷബാധയുണ്ടായ കോട്ടയത്തെ ദ പാർക്ക് എന്ന ഹോട്ടലിന്റെ ഉടമളെയും ഗന്ധിനഗർ പോലീസ് പ്രതി ചേർത്തു. ഇവർക്കായുള്ള തിരച്ചിലും ഊർജിതമാക്കി.
ഇന്നലെ ഹോട്ടലിലെ പ്രധാന കുക്കിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാം തിയതിയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന രശ്മി മരിക്കുന്നത്. അന്ന് തന്നെ ബന്ധുക്കൾ ഭക്ഷ്യവിഷബാധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ചിരുന്നു.
