തൃശൂർ: അതിരപ്പിള്ളി കൊന്നക്കുഴിയിൽ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം വി വിനയരാജിനെതിരെയാണ് കേസെടുത്തത്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് അതിരപ്പിള്ളി പൊലീസ് അറിയിച്ചു.

കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനിതാ ജീവനക്കാരിയെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസറായ എം വി വിനയരാജിനെതിരെ പരാതി നൽകിയത്. കഴിഞ്ഞ മാസം 23 ന് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ചൊവ്വാഴ്ച നൽകിയ പരാതിയിൽ അതിരപ്പിള്ളി പൊലീസ് ഇന്നലെയാണ് കേസെടുത്തത്. പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായതായും ആരോപണമുണ്ട്.

പരാതിക്കാരി ഉറച്ചു നിന്നതോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 354, 509, 506, 376 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസെടുത്ത ശേഷം ഉദ്യോഗസ്ഥൻ ഒളിവിലാണെന്ന് അതിരപ്പിള്ളി പൊലീസ് പറയുന്നു. ഓഫീസിലും ജോലിക്ക് എത്തിയിട്ടില്ല. പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായാണ് വിവരം. കേസെടുത്ത വിവരം വനം വകുപ്പിനെയും പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *