പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതി ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.കൊലപാതകവും തെളിവ് നശിപ്പിക്കലും ചുമത്തിയാണ് കുറ്റപത്രം. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പങ്കാളികളായിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും. അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പുകളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ക്രൈം ബ്രാഞ്ചിന് സാധിച്ചിട്ടുണ്ട്. ഷാരോണിന്റെ മരണത്തിന് കാരണമായ വിഷം നല്‍കിയത് ഗ്രീഷ്മയാണെന്നുള്ളതിനും തെളിവുകള്‍ നിരത്തിയാണ് കുറ്റപത്രം.

Leave a Reply

Your email address will not be published. Required fields are marked *