ഡൽഹിയിൽ ഫ്‌ളിപ്കാർട്ട് ജീവനക്കാരിയെ നടുറോഡിൽ വെടിവെച്ച് കൊന്നു. ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിർത്തതെന്ന് ഭർത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി പശ്ചിംവിഹാറിൽ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.
ഡൽഹി ഡി.സി.പി. ഹരേന്ദ്രസിങ് സംഭവസ്ഥലം സന്ദർശിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.
