കൊച്ചി: കുട്ടിക്ക് മരുന്ന് വാങ്ങാനെത്തിയയാളെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാലാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് എറണാകുളം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.ഞായറാഴ്ച്ച വൈകുന്നേരം കാലടിയിലായിരുന്നു വിവാദങ്ങള്‍ക്കിടയാക്കിയ സംഭവം. കോട്ടയം സ്വദേശി ശരത്തിനാണ് ദുരനുഭവം ഉണ്ടായത്. നാല് വയസുളള കുഞ്ഞിന് പനിക്കുള്ള മരുന്ന് വാങ്ങുന്നതിനായി മെഡിക്കല്‍ ഷോപ്പിന് സമീപം വാഹനം നിര്‍ത്താന്‍ പോയ ശരത്തിനെ പാര്‍ക്ക് ചെയ്യാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ അനുവദിച്ചില്ലെന്നാണ് പരാതി.
പിന്നീട് മറ്റൊരു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ അതിന് ശേഷം മരുന്ന് വാങ്ങി തിരികെയെത്തിയ ശരത്തിനോട് പൊലീസ് വീണ്ടും ഭീഷണി ഉയര്‍ത്തിയതായും ആരോപണമുണ്ട്. അതേസമയം മെഡിക്കല്‍ ഷോപ്പ് ഉടമ മത്തായിക്കെതിരെയും കട അടപ്പിക്കുമെന്ന തരത്തില്‍ പോലീസ് ഭീഷണിയുണ്ടായതായി ആരോപണമുണ്ട്. എല്ലാവരും കൈയ്യില്‍ കരിങ്കൊടിയുമായി നടക്കുന്നവരാണെന്ന തരത്തിലുള്ള പോലീസ് പെരുമാറ്റം വിഷമമുണ്ടാക്കിയതായും ഇവര്‍ പ്രതികരിച്ചു.