ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്തുണയുമായി ബിജെപി. ബിബിസിയെ ‘അഴിമതി നിറഞ്ഞ കോർപ്പറേഷൻ’ എന്ന് വിശേഷിപ്പിച്ചാണ് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ രംഗത്തെത്തിയത്. ഇന്ത്യാവിരുദ്ധ പ്രൊപ്പഗാണ്ടയാണ് ബിബിസി നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അവർ ഭയക്കുന്നതെന്ന് ഗൗരവ് ഭാട്ടിയ ചോദിച്ചു. കോൺഗ്രസിനും ബിബിസിക്കും ഒരേ അജണ്ടയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ നിയമം പാലിക്കാൻ ബിബിസി ബാധ്യസ്ഥരാണ്. ആദായനികുതി വകുപ്പിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. സർക്കാർ ഏജൻസികൾ ഇപ്പോൾ കൂട്ടിലിട്ട തത്തയല്ലെന്നും ഗൗരവ് ഭാട്ടിയ പറഞ്ഞു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനിൽക്കുന്നതിനിടെയാണ് ബിബിസിയുടെ ന്യൂഡൽഹി, മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ അന്വേഷണം നടക്കുന്നത്. ഇന്ന് രാവിലെ 11.30ഓടെയാണ് പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്.ചില രേഖകളും മാധ്യമപ്രവർത്തകരുടെ ഫോണുകളും ഉൾപ്പടെ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ നടക്കുന്നത് സർവേയാണെന്നും പരിശോധനയല്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ജീവനക്കാരുടെ ഫോണുകൾ തിരികെ നൽകുമെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *