കോഴിക്കോട്: ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മുതി‍‍ർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. കോൺഗ്രസിന്റെ പരാതി അക്ഷരാ‍ർത്ഥത്തിൽ ശരിവെക്കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം തന്നെ നടത്തണം. ആസൂത്രിത കൊലപാതകമായിരുന്നു ഷുഹൈബിന്റേത്. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ അന്വേഷണം പാ‍ർട്ടി നേതാക്കളിലേക്ക് എത്താതെ ഇരിക്കാനാണ് സിപിഎം ശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ‍‍ർഎസ്എസ് – ജമാ അത്തെ ഇസ്ലാമി കൂടിക്കാഴ്ചയിലും അദ്ദേഹം വിമ‍‍ർശനം ഉന്നയിച്ചു. വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആർഎസ്എസ് നയം മാറ്റാൻ ആര് വിചാരിച്ചാലും നടക്കില്ല. ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ് ആർഎസ്എസ് ലക്ഷ്യം.മതേതര ശക്തികളുടെ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നതാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം വിമ‍ർശിച്ചു.

മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കിൽ പുറത്തിറങ്ങേണ്ടെന്ന സന്ദേശമാണ് ജനത്തിന്. മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വയ്ക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത്. ലൈഫ് മിഷൻ കോഴ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്ത് വരൂ. അല്ലെങ്കിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണം രണ്ടാം അധ്യായമായി അസാനിക്കും. മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണ് മാന്യത. ഇല്ലെങ്കിൽ നാണംകെട്ട് പുറത്ത് പോകേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *