ലഹരി സംഘത്തിന്റെ വലയിലകപ്പെട്ട ഒമ്പതാംക്ലാസ്സുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ ബാലവകാശ കമ്മീഷൻ കേസെടുക്കും. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട് തേടും. അത്യന്തം ഗൗരവമുള്ള വിഷയമാണിതെന്നും സ്കൂളുകളിലും ജാഗ്രത വർധിപ്പിക്കുമെന്നും കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു. 24 വാർത്തയെ തുടർന്നാണ് നടപടി.
ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറായി ഉപയോഗിച്ചുവെന്ന വിവരമാണ് പുറത്തു വന്നത്. മൂന്നുവർഷമായി ലഹരിസംഘത്തിന്റെ വലയിലാണ് ഈ പെൺകുട്ടി. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ എത്തിയ്ക്കാനും കുട്ടിയെ ഉപയോഗിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടവരാണ് ലഹരി വിൽപ്പനയുടെ കണ്ണിയായി കുട്ടിയെ മാറ്റിയത്. ലഹരിക്കച്ചവടത്തിന്റെ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പെൺകുട്ടിയെ ഉൾപ്പെടുത്തിയിരുന്നു. ഏഴാം ക്ലാസ്സു മുതൽ ലഹരി ഉപയോഗിക്കുന്നു പെൺകുട്ടിയുടെ കൈകളിൽ ലഹരി ഉപയോഗിക്കുന്നതിന്റെ ഭാഗമായുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
