കടകൾക്ക് മുന്നിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്കും സാധനം വാങ്ങാനെത്തുന്നവർക്കും നേരെ കർശന നടപടിയെന്ന് ഡിജിപി.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. മറ്റുള്ളവര്‍ സത്യവാങ്മൂലം കരുതേണ്ടത് നിര്‍ബന്ധമാണെന്നും ഡിജിപി അറിയിച്ചു.
പുതിയ ജോലിയില്‍ പ്രവേശിക്കല്‍, പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമേ ജില്ലവിട്ടുള്ള യാത്ര അനുവദിക്കൂവെന്നും ഇതിന് സത്യവാങ്മൂലം നിര്‍ബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്കും സാധനം വാങ്ങാനെത്തുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.
തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രാദേശികതലത്തിലെ ആവശ്യങ്ങള്‍ പരിഗണിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ ആവശ്യമായ നിയന്ത്രണങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഏര്‍പ്പെടുത്താമെന്നും ഡിജിപി അറിയിച്ചു.
