മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയില്‍ വാക്‌പോര്. മുഖ്യമന്ത്രി വീട്ടിലിരുന്നാൽ മതിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് പഴയ വിജയനാണെങ്കിൽ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നും, ഇപ്പോൾ അങ്ങനെയല്ലല്ലോയെന്നും മുഖ്യമന്ത്രി മറുപടി നൽകി.രാഹുല്‍ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങള്‍ക്ക് പേടിയില്ലെന്ന് സതീശന്‍ തിരിച്ചടിച്ചു.
‘പഴയ വിജയനാണെങ്കിൽ ഞാൻ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോൾ പറയേണ്ടത്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആൾക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ പറയേണ്ടി വരും. മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി’- മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു. ഇതെല്ലാം ഇല്ലാത്ത കാലത്ത്, നിങ്ങളെല്ലാം സർവസജ്ജമായ കാലത്ത് ഞാനീ ഒറ്റത്തടിയായി നടന്നിരുന്നു. എല്ലാതരത്തിലും. വീട്ടീന്ന് പുറത്തിറക്കൂലാ എന്നൊക്കെ ആലോചിച്ച കാലത്തും ഞാൻ പുറത്തിറങ്ങി നടക്കുന്നുണ്ടെന്നും പറഞ്ഞു.
മുഖ്യമന്ത്രിക്ക് അതേഭാഷയില്‍ വി.ഡി. സതീശനും മറുപടി പറഞ്ഞു. ‘മുഖ്യമന്ത്രി വീട്ടിലിരിക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. എന്താണ് കാരണം? മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ഈ നാട്ടിലാര്‍ക്കും റോഡിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. പഴയ വിജയനാണെങ്കില്‍ മറുപടി പറഞ്ഞേനെ എന്ന് അങ്ങ് പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, ഞങ്ങള്‍ക്ക് പഴയ വിജയനെയും പേടിയില്ല. പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിയുന്നത്’, സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *