കോഴിക്കോട് :എൻ.ഐ.ടി കോഴിക്കോടിന്റെ സാംസ്കാരിക മേളയുടെ രണ്ടാം ദിനം ആവേശഭരിതമായ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. ക്യാമ്പസിലുട നീളം വിവിധ മത്സരങ്ങൾ അരങ്ങേറി. ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ, മിസ്റ്റർ & മിസ്സ് രാഗം തുടങ്ങി നിരവധി പരിപാടികൾ പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പങ്കാളിത്തം കൊണ്ട് നിറഞ്ഞു.
ദഫ്മുട്ട്, മാപ്പിളപ്പാട്ട്, കോൽക്കളി തുടങ്ങിയ മത്സരങ്ങൾ രണ്ടാം ദിനത്തിലെ പ്രധാന ആകർഷണങ്ങളായിരുന്നു. വിവിധ കായിക ഇനങ്ങളായ ഫ്യൂറി (ബാസ്ക്കറ്റ്ബോൾ), ബീറ്റ് ദ ബോൾട് ( അത്ലറ്റിക്സ്),വെർച്വൽ നൂതന ഗെയിമിംഗ് അനുഭവം തീർത്ത റാഗ്നറോക്ക് എന്നിവ പ്രധാന മത്സരയിനങ്ങളായിരുന്നു. മധ്യകേരളത്തിൽ അവതരിപ്പിച്ചു വരുന്ന ഗരുഡൻ പർവ എന്ന നാടൻ കലയ്ക്കും സദസ്സ് സാക്ഷിയായി.
‘പുരുഷപ്രേതം ‘ എന്ന മലയാളചലച്ചിത്രത്തിന്റെ സംവിധായകരായ കൃശാന്ദ്, ജിയോ ബേബി തുടങ്ങിയവരും, യൂട്യൂബർമാരായ അശ്വിൻ റാം, അശ്വിൻ ഭാസ്കർ എന്നിവരും പ്രേക്ഷകരുമായി സംവദിച്ചു. രണ്ടാം ദിവസം പ്രോഷോയുടെ ഭാഗമായി ജുബിൻ നൗട്ടിയാലിന്റെ സംഗീത നിശയും , കിൽ ദി ക്ലൗൺസിന്റെ ഡി.ജെയും അരങ്ങേറി.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊറിയോ നൈറ്റൊട് കൂടി രണ്ടാം ദിനം സമാപിച്ചു. സംഗീത സംവിധായകനും പിന്നണി ഗായകനുമായ അമിത് ത്രിവേദിയുടെ സംഗീത നിശയും അവിയൽ ബാൻഡുമാണ് മൂന്നാം ദിനത്തിലെ (മാർച്ച് 12) മുഖ്യാകർഷണം.