കണ്ണൂര്‍: അര്‍ബന്‍നിധി കമ്പനിയില്‍ നിന്നും തന്‍റെ ഭാര്യ അഞ്ചുപൈസപോലും അന്യായമായി എടുത്തിട്ടില്ലെന്ന് അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പുകേസിലെ അഞ്ചാംപ്രതിയും ജീവനക്കാരിയുമായിരുന്ന സി വി ജീനയുടെ ഭര്‍ത്താവ് ആദികടലായി വട്ടക്കുളത്തെ ഷാജ്. നിക്ഷേപകര്‍ക്ക് പറഞ്ഞ ദിവസം പണം നല്‍കാനായി അവളുടെ വിവാഹസമയത്തുണ്ടായിരുന്ന മുപ്പതുലക്ഷത്തിന്‍റെ സ്വര്‍ണം പണയത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

താമസിക്കുന്ന വീടിന്‍റെ രേഖയും ബാങ്കില്‍ പണയത്തിലാണ്. ഞങ്ങള്‍ക്ക് പരമ്പര്യമായി കിട്ടിയ കുറച്ചു സ്ഥലമല്ലാതെ മറ്റൊന്നുമില്ല. ഞാന്‍ വര്‍ഷങ്ങളോളം ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കിയാണ് ഈ വീടു നിര്‍മിച്ചത്. ജീന അര്‍ബന്‍നിധിയുടെ ഡയറക്ടറോ മാനേജരോ ആയിരുന്നില്ല. പിഗ്മി കലക്ഷന്‍ ഏജന്‍റായാണ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലെ ഇടപാടുകാര്‍ക്ക് അവരില്‍ വിശ്വാസമുണ്ടായിരുന്നു അതുകൊണ്ടാണ് അവര്‍ വിശ്വസിച്ചു 16 കോടിയോളം അവരെ ഏല്‍പ്പിച്ചത്.

അതൊക്കെ അതാത് ദിവസം അവള്‍ അര്‍ബന്‍നിധിയില്‍ പോയി അടച്ചതിന് രേഖകളുണ്ട്. താവക്കരയിലുളള അര്‍ബന്‍നിധി ഓഫീസില്‍ അവള്‍ സ്ഥിരമായി ഇരുന്നിട്ടില്ല. ഫീല്‍ഡില്‍ വാഹനവുമായി പോയി പണം കളക്ടു ചെയ്യുകയും അതു അര്‍ബന്‍നിധിയലടക്കുകയുമായിരുന്നു. ഇതിന്‍റെ രസീത് ഇടപാടുകാര്‍ക്ക് അവള്‍ കൃത്യമായി എത്തിച്ചു നല്‍കിയിരുന്നു. പണം മുഴുവന്‍ എനിടൈംമണിയെന്ന എ ടി എമ്മിലേക്ക് വകമാറ്റിയത് ഡയറക്ടര്‍മാരായ ഷൗക്കത്തലിയും ഗഫീറും ആന്‍റണിയും കൂടിയാണ്. അവിടെയുണ്ടായിരുന്ന ലാപ് ടോപ്പുകളുടെ പാസ്‌വേര്‍ഡൊന്നും ജീനയ്ക്കറിയില്ലെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ജീന അവിടെ ജോലി ചെയ്തതു കാരണം ഞങ്ങളുടെ കുടുംബമാണ് തകര്‍ന്നത്. അവളുടെയും എന്‍റെയും ബന്ധുക്കളുടെ ഒന്നേകാല്‍ കോടി രൂപയാണ് അവിടെ നിക്ഷേപിച്ചതിനാല്‍ പോയത്. നവഭാരതെന്ന പേരില്‍ പുതിയ കമ്പിനി തുടങ്ങാന്‍ പ്‌ളാനിട്ടത് ജീനയല്ല, അര്‍ബന്‍നിധിയുടെ ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഷൗക്കത്തലിയാണ് ഇതിനു ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത്.

താന്‍ കൊണ്ടുവന്നുകൊടുത്ത നിക്ഷേപകരുടെ പണവും പലിശയും തിരിച്ചു കൊടുത്താല്‍ കൂടെ നില്‍ക്കാമെന്നു മാത്രമാണ് ജീന പറഞ്ഞത്. ഗള്‍ഫില്‍ നിന്നും വന്ന സമയത്ത് കുറച്ചു കാലം അര്‍ബന്‍നിധിയുടെ കോഴിക്കോട് ബ്രാഞ്ചില്‍ ഡ്രൈവറായി താന്‍ ജോലി ചെയ്തിരുന്നു. നിധിയില്‍ നിന്നും പണം രാത്രികാലങ്ങളില്‍ ഷൗക്കത്തലിയുടെ വീടുകളില്‍ ബാഗിലാക്കി കൊണ്ടുപോകലായിരുന്നു ഡ്യൂട്ടി.

പിന്നീടാണ് ഇതില്‍ സംശയം തോന്നിയത്. നിങ്ങള്‍ ചെയ്യുന്നത് രാജ്യദ്രോഹമാണെന്ന് ഷൗക്കത്തലിയുടെ മുഖത്ത് നോക്കി പറഞ്ഞതിനു ശേഷമാണ് അവിടുന്ന് പടിയിറങ്ങിയത്. ജീനയോടും രാജിവയ്ക്കാന്‍ പറഞ്ഞുവെങ്കിലും അപ്പോഴെക്കും അവള്‍ അതില്‍ കുടുങ്ങിയിരുന്നു. എങ്ങനെയെങ്കിലും അവിടെ താന്‍ നിക്ഷേപിച്ച ഇടപാടുകാരുടെ പണംവാങ്ങിയെടുത്ത് ഒഴിവാകാമെന്ന് അവളും പറഞ്ഞു. അപ്പോഴെക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *