ഇന്നസെന്റിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു തന്റേതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ വലിയ സ്ഥാനം നേടിയ കലാകാരനാണ് ഇന്നസെന്റ്. ഒരു കലാകാരൻ എന്നതിനോടൊപ്പം ജനകീയനായ സാമൂഹിക പ്രവർത്തകൾ കൂടി ആയിരുന്നു അദ്ദേഹം.

ചെറിയ വേഷങ്ങളിൽ അഭിനയിച്ച് സിനിമാ രംഗത്തെത്തിയ ഇന്നസെന്റ് തുടർന്ന് വെത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു ജനഹൃദയ കീഴടക്കി. കൂടാതെ നിർമ്മാതാവായും, ചലച്ചിത്ര താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ലോകസഭാംഗമായിരുന്ന അദ്ദേഹം രോഗത്തോട് പടപൊരുതി മുന്നേറിയ ഒരു വ്യക്തിത്വമായിരുന്നു.താൻ എത്തുന്നിടത്തുള്ള എല്ലാവരേയും എപ്പോഴും സന്തോഷിപ്പിക്കാനും, ചിരിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമാസ്വാദകരുടേയും, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

അതേസമയം പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.

സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.

എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെൻ്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെൻ്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിൻ്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *