സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് . എന്നാല്‍ ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും പൊതുവെ മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ മഴ ശക്തമാകുമോ എന്നകാര്യം മുന്‍കൂട്ടി പറയാനാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ യുള്ള കാലയളവിൽ 250 സെന്റീമീറ്റർ വരെ മഴയാണ് ലഭിക്കേണ്ടത്.
കേരളത്തില്‍ എട്ട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, കോഴിക്കോട് കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും പ്രസ്തുത ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
03-06-2021 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
04-06-2021 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.
05-06-2021 : എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്.
ഇന്ന് കന്യാകുമാരി തീരത്തും, തെക്കൻ ശ്രീലങ്കൻ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ശനിയാഴ്ച വരെ തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
