തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ക്കും പരസ്യങ്ങള്‍ക്കും വിലക്ക്. സംസ്ഥാന ബാലവകാശ കമ്മിഷന്‍ ആണ് വിലക്കിയത്. ഇത്തരം ബോര്‍ഡുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്ക് കൈമാറാന്‍ അധികൃതരെ ചുമതലപ്പെടുത്തി.

ഇത്തരത്തില്‍ മത്സരബുദ്ധി ഉളവാക്കുന്ന സാഹചര്യങ്ങള്‍ കുട്ടികളില്‍ കനത്ത മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ബാലവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. എല്‍.എസ്.എസ്., യു.എസ്.എസ്. സ്‌കോളര്‍ഷിപ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് കമ്മിഷന്‍ പറഞ്ഞു. പരീക്ഷകള്‍ എഴുതുന്നതിനുവേണ്ടി കുട്ടികള്‍ രാത്രികാല പരിശീലന ക്ലാസിനു പോകേണ്ട സ്ഥിതിയാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

അവധിക്കാലത്ത് പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പോരായ്മകള്‍ ഉണ്ടെന്നും കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു. ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്കു നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍, അംഗങ്ങളായ സി. വിജയകുമാര്‍, പി.പി. ശ്യാമളാദേവി എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *