ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ച് ലോക്സഭാ സെക്രട്ടേറിയേറ്റ് ഉത്തരവിറക്കി. ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയേററ്റിൻറെ നടപടി.
കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ 2009 ലെ ലോക്സഭാ തെരെഞ്ഞടുപ്പിനിടെ ആക്രമിച്ച കേസിൽ മുഹമ്മദ് ഫൈസലിനെ കവരത്തി സെഷൻസ് കോടതി പത്ത് വര്‍ഷം തടവിന് ശിക്ഷിക്കുകയും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ശിക്ഷ വിധിക്കപ്പെട്ട ജനുവരി 11 മുതൽ എംപിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറി ജനറൽ ഉത്തരവും ഇറക്കി.ഇതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെയാണ് എംപിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയ സെഷന്‍സ് കോടതി വിധിയും 10 വര്‍ഷം തടവുശിക്ഷയും സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി ഉത്തരവിട്ടത്. പിന്നാലെ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മരവിപ്പിച്ചിരുന്നു.
