ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ മയക്ക് വെടി വെക്കാനുള്ള ദൗത്യം നീളുമെന്ന സൂചന നല്കി ഹൈക്കോടതി. അരികൊമ്പന്റെ കാര്യത്തിൽ മറ്റ് വഴികളുണ്ടോന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞ കോടതി കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു.
ശാശ്വത പരിഹാരമായി അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റി പാർപ്പിക്കുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. തുറന്ന കോടതിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. വനംവകുപ്പിന് വേണ്ടി അഡീഷണല്‍ എ.ജി. അശോക് എം. ചെറിയാന് ഹാജരായി.
ശാശ്വത പരിഹാരമായി 301 കോളനിയിലെ നിവാസികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് വേണ്ടതെങ്കിലും അരിക്കൊമ്പന്റെ ആക്രമണത്തില്‍ അടിയന്തരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക തന്നെയാണെന്ന് വനംവകുപ്പ് വാദിച്ചു. ആനയെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റുന്നതും ജി.എസ്.എം. കോളര്‍ ഘടിപ്പിച്ച് ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ വിട്ട് ആനയുടെ സഞ്ചാരം നിരീക്ഷിക്കുക എന്നതും പ്രായോഗികമല്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു.
എന്നാൽ എല്ലാ ആനകളെയും പിടികൂടി കൂട്ടിലടയ്ക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കൂടാതെ അരികൊമ്പന്റെ ശല്യം എല്ലാ കോളനിയിലും ഉണ്ടോ എന്നും ചോദിച്ചു.
ഉണ്ടെന്ന് വനംവകുപ്പ് മറുപടി നല്കി. ജനങ്ങളുടെ സുരക്ഷയ്ക്ക് എന്ത് ചെയ്തുവെന്ന് ചോദിച്ച കോടതി, ഇന്ന് അരിക്കൊമ്പനാണെങ്കില്‍ നാളെ മറ്റൊരു കൊമ്പന് വരും. റേഡിയോ കോളര്‍ സ്ഥാപിച്ചാല്‍ ആനയെ ട്രാക്ക് ചെയ്യാന്‍ സാധിക്കുമോയെന്നും കോടതി ആരാഞ്ഞു.
